2025-26 ബജറ്റ് റിപ്പോർട്ട്
ഒഞ്ചിയം ഗ്രാമപഞ്ചായത്ത് രുപീകൃതമായി 60 വർഷം പൂർത്തീകരിക്കുന്ന വേളയിൽ സർവ്വ സ്ഥലസ്പർശിയും സുസ്തിര വികസന ലക്ഷ്യങ്ങൾ ആർജ്ജിക്കുകയും സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസന കാഴ്ചപാടുകളിൽ ഊന്നിയ ബജറ്റ് അവതരിപ്പിക്കാനുളള അവസരം കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു. ചരിത്ര താളുകളിൽ ഒഞ്ചിയം എന്നത് കാർഷിക സമൃദ്ധിയുടെ ഒരു വിളിപേര് ആയിരുന്നുവെങ്കിൽ ക്രമേണ പാഠശേഖരങ്ങൾ എല്ലാം നഷ്ടമാവുകയും ഭ്രമി എന്നത് കെട്ടിട നിർമ്മാണത്തിനുളള വസ്തു ആയി മാത്രം കാണുന്ന സാമൂഹ്യ ബോധത്തിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ആണ് കാർഷിക മേഖലയെ പിന്നോട്ട് അടിപ്പിക്കുന്നത്. ഉൽപ്പാദനമേഖലയ്ക്ക് ഊർജ്ജം പകർന്ന് കൊണ്ട് ഒഞ്ചിയത്തിന്റെ ഗ്രാമീണ വിശുദ്ധിയുടെ അടയാളങ്ങൾ ആയ ഒരുമയുടെയും മതനിരപേക്ഷതയുടെയും മാനവിക സ്നേഹത്തിലും സാഹോദര്യത്തിന്റെയും വസന്തകാലമായി ഭാവി പ്രവൃത്തനങ്ങൾക്ക് നമുക്ക് കരുത്ത് നൽകാം. മാലിന്യം –സംസ്കരണത്തിനും ദാരിദ്ര നിർമ്മാർജ്ജനത്തിനും പട്ടിക ജാതി ക്ഷേമത്തിനും വനിതകളുടെ ശാക്തീകരണത്തിനും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെ പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴലാളികളുടെ ഉന്നമനത്തിനും വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കിയും യുവതയുടെ കലാകായിക സ്വപ്നങ്ങൾക്ക് നിറം പകർന്നും വിയർപ്പിന്റെ ഗന്ധംകൊണ്ട് വികസന വിസ്പോടനം തീർക്കുന്ന വിവധ മേഖലയിലെ അധ്യാന ശീലരായ തൊഴിലാളികളുടെ ക്ഷേമത്തിനും ഹരിതമാലാഖമാരും ,ആശാവർക്കർമാരും അങ്കണവാടി വർക്കേഴ്സ് ഹെൽപേഴ്സ് കുടുംബശ്രീ പ്രവർത്തകരും പ്രകൃതിസ്നേഹത്തിന്റെയും ജലസംരക്ഷണ മേഖലയിലും പ്രകാശം പടർത്തുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിന്റെ വൈവിധ്യങ്ങളായ പരിചേതങ്ങളോടൊപ്പം ചേർന്ന് കരുതലോടെയുള്ള വികസന മുന്നേറ്റങ്ങൾക്ക് നിറം പകരുന്ന രീതിയിൽ ഇടപെടാൻ ശ്രമിച്ചിട്ടുണ്ട്.
പ്രാദേശിക സാധ്യതകൾ പരിശോധിച്ചും ആവശ്യങ്ങളുടെ മുൻഗണന നിശ്ചയിച്ചും പരാമവധി മേഖലകളിൽ ഇടപെടൽ നടത്താനുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തുന്നത്.
ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതും സമയബന്ധിതമായി നൽകാത്തതും ട്രഷറി നിയന്ത്രണവും എല്ലാം ഗുരുതരമായ പ്രതിസന്ധിയാണ് പ്രാദേശിക ഭരണകൂടങ്ങൾക്ക് സൃഷ്ടിക്കപ്പെടുന്നത് . ട്രഷറി നിയന്ത്രണം മൂലം നിലവിലെ സാമ്പത്തിക വർഷത്തിൽ ചിലവഴിക്കാൻ കഴിയാത്ത തുക 2025-26 വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തേണ്ട സാഹചര്യമുണ്ടായാൽ സ്ഥിതി ഗുരുതരമായി മാറും. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പ്രവർത്തനങ്ങളെ തളർത്തുന്ന രീതിയിലുളള ഇടപെടൽ ഒഴിവാക്കപ്പെടേണ്ടതാണ്. ധനകാര്യ കമ്മീഷൻ ഫണ്ട് സമയബന്ധതമായി കൃത്യമായി അനുവദിക്കാത്ത കേന്ദ്രസർക്കാരും വലിയ പ്രതിസന്ധിയാണ് പഞ്ചായത്തുകൾക്ക് നൽകുന്നത് . അനിവാര്യ വകയിരുത്തലുകളുടെയും നിർബന്ധിത പദ്ധതികളുടെയും ഫണ്ടിന്റെ തോത് വർദ്ധിപ്പിക്കുന്നതും പങ്കാളിത്വ ആസൂത്രണത്തെ തകർക്കുന്ന രീതിയിലാക്കുന്നു. ഇതിന് ഒരുമാറ്റം അനിവാര്യമാണ്.
വസ്തു നികുതിയും തൊഴിൽ നികുതിയും ലൈസൻസ് ഫീസും ഉൾപ്പെടെയുള്ള തനത് വരുമാനം കുറ്റമറ്റരീതിയിൽ പിരിച്ചെടുക്കാനും മുഴുവൻ സംരംഭങ്ങൾക്കും ലൈസൻസ് നൽകുന്നതിന് നടപടി സ്വീകരിക്കും . ജനങ്ങളിൽ അധിക ഭാരം ഏൽപ്പിക്കാതെയുള്ള തനത് വരുമാന വർദ്ധനവിനാണ് നമ്മൾ ശ്രമിക്കുന്നത്.
സദ്ദ്ഭരണം
1. കുറ്റമറ്റ ഫ്രണ്ട് ഓഫീസ് സംവിധാനം
2. മികവുള്ള റോക്കോർഡ് റൂം
3. പരാതിപരിഹാര സംവിധാനം
വാർഡ്തല പരാതിപരിഹാരസഭ :-
വാർഡിൽ ലഭിക്കുന്ന പരാതി പ്രാഥമിക ഘട്ടത്തിൽ വാർഡ് അങ്കണവാടികളിൽ ഏൽപ്പിച്ച് പ്രേത്യേക രജിസ്റ്റർ സൂക്ഷിച്ച് അടിയന്തിര സാഹചര്യം ഇല്ലാത്ത പരാതികൾ വാർഡ് തലത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, വികസനസമിതി കൺവീനർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചേർന്ന സമിതി 30 ദിവസത്തെ ഇടവേളകളിൽ സഭ ചേർത്ത് കക്ഷികളെ നേരിട്ട് കേട്ട് പ്രശ്നപരിഹാര സാദ്ധ്യത ഒരുക്കുന്നു.
പഞ്ചായത്ത്തല പരാതിപരിഹാര അദാലത്തുകൾ
50 ദിവസത്തിനുള്ളിൽ ഒരു ദിവസം ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ സഹായത്തോടെ പരാതിയിൽ പരിഹാരം കണ്ടെത്തൽ
ഐ എസ് ഒ
ഐ എസ് ഒ നിലവാരം നിലനിർത്താൻ വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിച്ചും ക്വാളിറ്റി സർക്കിൾ രൂപീകരിച്ച് ജീവനക്കാരുടെ സേവനം വേഗത്തിലാക്കുകയും ജോലി സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
ഭൂമിയുടെ ലഭ്യത മനസ്സിലാക്കി കാർഷിക സമൃദ്ധിയുടെ വീണ്ടെടുക്കൽ
കാർഷിക മേഖലയിലെ പ്രതിസന്ധികൾ മനസ്സിലാക്കി ലാഭനഷ്ടകണക്ക് പരിഗണിക്കാതെ കാർഷിക സംസ്കാരം എന്ന നിലയിൽ ഈ മേഖലയ്ക്ക് ഊർജ്ജം പകരാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കുന്നു.
1. മൂന്ന് പതിറ്റാണ്ടിനു മുമ്പ് ഒഞ്ചിയത്തെ വയലുകളിൽ സമൃദ്ധമായി കണ്ടിരുന്ന തണ്ണീർമത്തൻ കൃഷിയെ വീണെടുക്കുക എന്ന ഉദ്ദേശത്തോടെ കാർഷിക ഗ്രൂപ്പുകൾക്ക് പ്രോത്സാഹനം നൽകി പഴയകാല ഓർമ്മകളെ നമുക്ക് വീണ്ടെടുക്കാം
2. ഓണക്കാലത്ത് നമ്മുടെ നാട്ടിൽ പൂക്കളുടെ വസന്തകാലം തീർക്കാൻ സമഗ്രതയോടെ ആവിഷ്കരിക്കുന്ന പദ്ധതി 2023-24 വർഷത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതിയുടെ ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ ഗ്രൂപ്പുകളിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ.
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന് ഇത്തവണത്തെ ബജറ്റിലും ഗ്രാമപഞ്ചായത്ത് മുൻഗണന നൽകുന്നുണ്ട്. കാർഷിക മേഖലയിൽ കെട്ടിട നിർമ്മാണം ഉൾപ്പെടെ 54 ലക്ഷത്തി നാൽപത്തി അയ്യായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണം
കന്നുകാലിക വളർത്തലിലൂടെ ഉപജീവനം നടത്തിയിരുന്ന വലിയ വിഭാഗം ജനത ക്രമേണ അതിൽ നിന്നും പിറകോട്ട് പോകുകയും പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവു വരുന്ന സാഹചര്യത്തെ അതിജീവിക്കാൻ കറവ പശുവിതരണം കാലിത്തീറ്റ വിതരണവും മിൽക്ക് ഇൻസെന്റീവ് എല്ലാ കർഷകർക്കും ഉറപ്പു വരുത്തി ഉൽപാദന ചെലവിനു പരമാവധി സബ്സിഡി നൽകുന്ന പ്രവർത്തനം കാര്യക്ഷമമായ നടപ്പിലാക്കും. കന്നുകാലികളുടെ ആരോഗ്യ പരിചരണത്തിന് ധാതുലവണ മിശ്രിതവും , മൃഗാശുപത്രികളിലൂടെ സൌജന്യ മരുന്ന് ഉൾപ്പെടെയുള്ള സൌജന്യ സേവനങ്ങളും ഉറപ്പ് വരുത്തും. കോഴിമുട്ടയുടെ സ്വയം പര്യാപ്തയ്ക്ക് മുട്ടക്കോഴിവിതരണവും, തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂട് നിർമ്മാണത്തിനും ഊന്നൽ നൽകുന്നു. വളർത്തുനായ്ക്കളുടെ വിവരശേഖരണത്തിനും സംവിധാനം ഒരുക്കുകയും വാക്സിൻ കൃത്യമായ ഇടവേളകളിൽ ഉറപ്പ് വരുത്തും.
മൃഗസംരക്ഷണ മേഖലയിൽ മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾക്കായി 15 ലക്ഷത്തിലധികവും ക്ഷീര വികസനത്തിനായി 5 ലക്ഷത്തി എഴുപതിനായിരം രൂപയും ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
ഭവന പദ്ധതി
ഗ്രാമ പഞ്ചായത്തിൽ ഭൂമിയുള്ള ഭവനരഹിതരായി 144 കുടുംബങ്ങളെയാണ് മാനദണ്ഡപരിശോധനയിൽ യോഗ്യതയുള്ളതായി കണ്ടെത്തിയത്.കൂടാതെ വീടും സ്ഥലവും ഇല്ലാത്ത 74 പേരെയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ ഒരുമിച്ച് അപേക്ഷ സ്വീകരിച്ച് പരിശോധന പൂർത്തീകരിക്കാൻ രണ്ട് വർഷം ഇടവേള പലർക്കും കടുപ്പമേറിയതായിരുന്നു.മുൻഗണനാ ലിസ്റ്റ് പ്രകാരം കുറഞ്ഞ കുടുംബങ്ങൾക്ക് കരാറിൽ ഏർപ്പെടാനുള്ള നിർദ്ദേശം വന്നപ്പോൾ പാവപ്പെട്ടവരുടെ സ്വന്തം വീട് എന്ന സ്വപ്നം പരിമിതപ്പെടുത്തരുത് എന്ന ഭരണസമിതിയുടെ തീരുമാനം സംസ്ഥാനത്താകെ പഞ്ചായത്തുകൾ മാതൃകയായിരുന്നു. 2.2 കോടി രൂപ ഹഡ്കോ ലോൺ സ്വീകരിച്ചുക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ആയതിൽ 54 ലക്ഷം രൂപ 2024-25 സാമ്പത്തിക വർഷം ലഭിക്കുകയും ചിലവഴിക്കുയും ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം ലോൺ ഉൾപ്പെടെ 5 കോടി 26 ലക്ഷത്തി 75 അയ്യായിരത്തി 525 രൂപ വകയിരുത്തുന്നത് പാർപ്പിടമേഖലയ്ക്ക് ഊർജ്ജം പകരും.
മത്സ്യബന്ധന മേഖല
രണ്ടരകിലോമീറ്റർ ദൂരം തീരദേശമുള്ള നമ്മുടെ പഞ്ചായത്തിൽ ധാരാളം കുടുബങ്ങൾ മത്സ്യ മേഖലയായ പരമ്പരാഗത തോഴിൽരംഗം ഉപജീവനമാർഗ്ഗമാക്കുന്നു. മത്സ്യസാമ്പത്തിന്റെ കുറവും വർധിച്ച് വരുന്ന ഇന്ധന വിലയും മേഖലയിൽ പ്രതിസന്ധിയാവുന്നു. ഉന്നത വിദ്യാഭ്യാസമേഖയിൽ തീരമേഖലയിലെ പുത്തൽ ഉണർച്ച് മാനവ വിഭവശേഷിയിലെ അത്ഭുതകാഴ്ചയായിമാറുന്നു .പശ്ചാത്തല മേഖലയിലും പാർപ്പിടവും ,വിദ്യാഭ്യാസം, തൊഴിൽ ഉപകരണങ്ങൾ ഉൾപ്പടെ മത്സ്യബന്ധനയിലേക്ക് 15 ലക്ഷം മാറ്റിവെച്ചിട്ടുണ്ട്.
ഒപ്പം -(അതിദാരിദ്രർ)
ലിസ്റ്റിൽ ഉൾപ്പെട്ട 78 പേർ. ലിസ്റ്റിൽ ഒഴിവാക്കപെടേണ്ടവരുടെ പരിശോധനയും കുട്ടിചേർക്കലുകളും ഉണ്ടാവണം. ധാന്യകിറ്റ് വിതരണവും ആവിശ്യമരുന്നും നൽകുകയും സൌജന്യ ചികിത്സ ഉറപ്പ് വരുത്തും. ലിസ്റ്റിൽ പാർപ്പിടപ്രശ്നത്തിന് പൂർണ്ണപരിഹാരമാക്കും . 2025-26 വർഷം 2 ലക്ഷത്തി എഴുപതിനായിരം രൂപ ഈ മേഖലയിൽ വകയിരുത്തിയിട്ടുണ്ട്.
ഷീസ് ഡേയ്സ്
സമ്പൂർണ നാപ്കിൻ രഹിതഗ്രാമമെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള ആദ്യചുവടുവെപ്പായി ആവിശ്യമുള്ള വീട്ടിലെല്ലാം മൊൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന് 2024-25 വർഷത്തെ ബജറ്റിൽ 21 ലക്ഷം രൂപ വകയിരുത്തകയും ആയത് പദ്ധതി മുഖേന നൽകുന്നതിന് തുടർ നടപടി സ്വീകരിച്ചു വരികയുമാണല്ലോ . ആയതിന്റെ തുടർച്ചയായി 2025-26 വർഷത്തെ ബജറ്റിൽ മാലിന്യ നിർമ്മാർജനവും അധികസാമ്പത്തിക ചിലവും ആരോഗ്യബോധവൽകരണം ഉൾപ്പടെ വൈവിധ്യങ്ങളുടെ കുടിചേരലുകൾ ലക്ഷ്യവെക്കുന്ന പദ്ധതിക്കായ് 5 ലക്ഷം രുപ. ഉൾപ്പെടെ വനിതാ മേഖലയിൽ 29 ലക്ഷത്തി ഇരുപതിനായിരം തുക മാറ്റിവെച്ച് വനിതാക്ഷേമത്തിന് കരുത്തോടെ ചുവടുറപ്പിക്കുന്നു.
കുട്ടികൾ , ഭിന്നശേഷിയുള്ളവർ
അംഗൻവാടി അനുപൂരക പോഷകാഹാരത്തിനായി 30 ലക്ഷം രൂപയും കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് പഠനോപകരണം വിതരണത്തിനും സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങൾക്കുമായി 9 ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്.ഭിന്നശേഷി സ്കോളർഷിപ്പ് ഉൾപ്പെടെ ടി മേഖലയിൽ 23 ലക്ഷം രൂപയിലധികം വകയിരുത്തിയിട്ടുണ്ട്.
വയോജന മേഖല
നമ്മുടെ ഗ്രാമപഞ്ചായത്ത് വയോജന സഹൃദമാക്കാനും ശാരീരിക-മാനസിക ആരോഗ്യം പ്രധാനം ചെയ്യാനുള്ള ഉറച്ചചുവട്ടുമായി നമ്മുക്ക് മുന്നേറണം. വാർഡ്തലത്തിൽ ഒത്ത്ചേരാൻ സൌകര്യമുളളയിടത്ത് വയോക്ലബ്ബ് നിർമ്മിക്കും. ഈ മേഖലയിൽ ശക്തമായ സംഘടനാസംവിധാനം ഒരുക്കാനും വെല്ല് വിളികൾ നേരിടുന്നവർക്ക് എല്ലാ സൌകര്യങ്ങളും ഉറപ്പിക്കും അർഹതയുള്ളവർക്ക് സൌജന്യ നിയമ സഹായവും വൈദ്യസഹായവും ഉറപ്പ് വരുത്താനും മറ്റ് സൌകര്യങ്ങളും ലഭ്യമാക്കാൻ ബഹുജനപിന്തുണ സംവിധാനം ഒരുക്കും. വയോജന മേഖലയിൽ 25 ലക്ഷം ചിലവഴിച്ച് വയോജനങ്ങളെ ചേർത്ത് പിടിക്കും.
കുടിവെള്ളം ,ശുചിത്വം മാലിന്യ സംസ്കരണം
ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ 54 ലക്ഷത്തി 84000/- രൂപയും കുടിവെള്ള മേഖലയിൽ 34 ലക്ഷത്തി 84 ആയിരം രൂപയും വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയിൽ എസ്എസ്എ ഫണ്ടിനായി 5 ലക്ഷം രൂപയും മറ്റു പ്രവർത്തനങ്ങൾക്കായി 6 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല മേഖല
പശ്ചാത്തല മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വരും വർഷം നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് വിപുലമായ പദ്ധതികൾ രൂപീകരിച്ച് വരുന്നുണ്ട്. ആയതിലേക്കായി റോഡുകൾ മെയിന്റനൻസ് നടത്തുന്നതിനായി 3 കോടി 26 ലക്ഷം രൂപയും , പുതിയ റോഡുകൾക്കും കോൺക്രീറ്റിംഗിനുമായി 2 കോടി 60 ലക്ഷം രൂപയും വകയിരുത്തുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. പശ്ചാത്തല മേഖലയിൽ വിവിധ കെട്ടിട നിർമ്മാണത്തിനായി 1 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ സ്ഥലം വാങ്ങൽ ഉൾപ്പെടെ മറ്റു ആസ്തികൾ സൃഷ്ടിക്കുന്നതിന് 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
തെരുവ് വിളക്ക് എഎംസി ഉൾപ്പെടെയുള്ള പ്രവത്തനങ്ങൾക്കായി 15 ലക്ഷം രൂപയും ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
393349633/- (മുപ്പത്തി ഒമ്പത് കോടി മുപ്പത്തി മൂന്ന് ലക്ഷത്തി നാൽപത്തി ഒമ്പതിനായിരത്തി അറുനൂറ്റി മുപ്പത്തി മൂന്ന്) രൂപ വരവും 366711445/- (മുപ്പത്തി ആറ് കോടി അറുപത്തി ഏഴ് ലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി നാൽപത്തി അഞ്ച്) രൂപ ചിലവും 26638188/- (രണ്ട് കോടി അറുപത്തി ആറ് ലക്ഷത്തി മുപ്പത്തി എട്ടായിരത്തി നൂറ്റി എൺപത്തി എട്ട്) രൂപ മിച്ചവും പ്രതിക്ഷിക്കുന്നതാണ് ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തേക്കുള്ള ബജറ്റ് .